ദില്ലി: സർക്കാർ - വൈസ് ചാൻസലർ തർക്കം കാരണം സാങ്കേതിക സർവകലാശാലയിലെ ജീവനക്കാർ ബുദ്ധിമുട്ടരുതെന്ന് സുപ്രീം കോടതി. തർക്കങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് തൊഴു കൈയോടെ അഭ്യർത്ഥിക്കുകയാണെന്ന് ജസ്റ്റിസ് ജെബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിൻഡിക്കേറ്റ് യോഗം ചേരുന്നതിന് സർക്കാർ പ്രതിനിധികളെ അയക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് താത്കാലിക വൈസ് ചാൻസലർ കെ ശിവപ്രസാദ് ഹർജി നൽകിയത്. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. പണം അടയ്ക്കാത്തതിനാൽ സാങ്കേതിക സർവ്വകലാശാലയിലെ ഇന്റർനെറ്റ് കണക്ഷൻ ഉടൻ വിച്ഛേദിക്കപ്പെടുമെന്ന് താത്കാലിക വിസി കെ ശിവപ്രസാദ് സുപ്രീം കോടതിയെ അറിയിച്ചു.
സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ ബജറ്റ് പാസാക്കാനാകുന്നില്ല, ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങുമെന്നും ശിവപ്രസാദിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. സർവ്വകലാശാല ഭരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന അടിയൊഴുക്കുകളും മേലൊഴുക്കുകളും തങ്ങൾക്ക് അറിയാമെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് കെവി വിശ്വനാഥൻ പറഞ്ഞു. സാങ്കേതിക സർവ്വകലാശാലയിൽ താത്കാലിക വൈസ് ചാൻസലർ ആയി കെ ശിവപ്രസാദിനെ ചാൻസലർ നിയമിച്ചത് ചട്ട വിരുദ്ധമായിട്ടാണെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സിൻഡിക്കേറ്റ് യോഗത്തിലേക്ക് സർക്കാർ പ്രതിനിധികളെ അയക്കുമോ എന്നതിൽ നിലപാട് തിങ്കളാഴ്ച്ച അറിയിക്കാൻ കോടതി നിർദേശിച്ചു. താൽകാലിക വിസി കെ ശിവപ്രസാദിന് വേണ്ടി മുതിർന്ന അഭിഭാഷകരായ പിഎൻ രവീന്ദ്രൻ, ജോർജ് പൂന്തോട്ടം, അഭിഭാഷകൻ പിഎസ് സുധീർ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ സികെ ശശി എന്നിവരാണ് ഹാജരായത്.
Supreme Court says technical university employees should not suffer due to government-vice chancellor dispute